ഇന്ത്യയുടെ അമ്പതാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2024 നവംബർ 11ന് വിരമിക്കുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു യു ലളിത് വിരമിച്ചതിന് പിന്നാലെയാണ് അദ്ദേഹം ചുമതലയേറ്റത്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 2016 മേയ് 13ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ഡി.വൈ.ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു. ബോംബെ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചു.ഇദ്ദേഹത്തിന്റെ പിതാവ് വൈ.വി.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ 16ാം ചീഫ് ജസ്റ്റിസായിരുന്നു.