വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ പുറത്തായ സംഭവത്തില്‍ രണ്ടുപേര്‍ക്ക് സസ്‍പെന്‍ഷന്‍.
യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെയാണ് സസ്‍പെന്‍ഡ് ചെയ്തത്. അച്ചടക്ക നടപടിയാണെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. അച്ചടക്ക നടപടിയെ സ്വാഗതം ചെയ്ത നുസൂര്‍ മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്ന് പ്രതികരിച്ചു. സന്ദേശം പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പുവെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്. കത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബിലിനെതിരെയും പരാമര്‍ശമുണ്ടായിരുന്നു.മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വിമാനത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥന്‍റെ വാട്സ് ആപ് ചാറ്റ് പുറത്തായിരുന്നു. തുടര്‍ന്ന് വധഗൂഢാലോചന കുറ്റം ചുമത്തി ശബരീനാഥനെ അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പില്‍ നിന്ന് സന്ദേശങ്ങള്‍ ചോര്‍ത്തിയത് ഗുരുതര സംഘടന പ്രശ്നമാണെന്നാണ് ശബരീനാഥന്‍ പ്രതികരിച്ചത്. യൂത്ത്കോണ്‍ഗ്രസ് ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ മുരളീധരന്‍ എം.പിയും പ്രതികരിച്ചിരുന്നു.