ദേശീയപാത മുഴുവൻ കുഴികളാണെങ്കിൽ സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകൾ കുളങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർകോട്ട് വാർത്താ സമ്മേളനത്തിലാണ് കെ സുരേന്ദ്രൻ മറുപടി നൽകിയത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ ജില്ലയിലെ കൂളിമാട്, നിർമാണം നടത്തി ആറു മാസം മാത്രമായ പാലം തകർന്നത് എല്ലാവരും കണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര സർക്കാരിനെ മുമ്പ് നിരവധി തവണ പ്രശംസിച്ചതാണ്. ഇപ്പോൾ കേന്ദ്ര മന്ത്രി എസ് ജയശങ്കർ വന്നപ്പോൾ ഇവർ എന്തിനാണ് പ്രകോപിതരാകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.സംസ്ഥാന സർക്കാർ വഴി നടപ്പിലാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണ്. അത് പരിശോധിക്കാൻ കേന്ദ്ര മന്ത്രിമാർ ഇനിയും കേരളത്തിലെത്തും. കേരളത്തിലെ പദ്ധതികൾ പരിശോധിക്കപ്പെടുമെന്ന് വരുന്നതാണ് മുഖ്യമന്ത്രിയെയും മുഹമ്മദ് റിയാസിനെയും അസ്വസ്ഥമാക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. യുപിഎ സർക്കാരിൻ്റെ കാലത്തേക്കാൾ 560 ഇരട്ടി ദേശീയപാതാ നിർമാണ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. 21,275 കോടിയുടെ പുതിയ ആറു പ്രൊജക്ടുകളാണ് എൻഎച്ച്ഐ നടപ്പാക്കുന്നത്. നേരത്തെ അനുവദിച്ച 34,000 കോടിയുടെ പദ്ധതികൾക്ക് പുറമേയാണിത്. മംഗലാപുരം മുതൽ തിരുവനന്തപുരം വരെ അതിവേഗ ദേശീയപാതാ വികസനമാണ് നടക്കുന്നത്. 2024 ൽ ഈ പദ്ധതികളെല്ലാം പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.