കണ്ണാറ ബനാന ഹണി പാര്‍ക്ക് 2023 ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടന്നുവരുന്നു. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട അഗ്രോപാര്‍ക്കുകളില്‍ ഒന്നായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി കൂടുതല്‍ വിപുലീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കണ്ണാറയിലെ ബനാന ഹണി പാര്‍ക്ക് സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ മന്ത്രി കെ രാജനൊപ്പമാണ് മന്ത്രി യൂണിറ്റ് സന്ദര്‍ശിച്ചത്.
കര്‍ഷകരില്‍ നിന്ന് ഉന്നതഗുണനിലവാരമുള്ള തേന്‍ സംഭരിച്ച് യന്ത്രങ്ങളുടെ സഹായത്തോടെ പാകപ്പെടുത്തി പാക്ക് ചെയ്ത് സര്‍ക്കാര്‍ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കും. വാഴകൃഷി കൂടുതലായി നടക്കുന്ന മേഖലയായ കണ്ണാറയില്‍ നേന്ത്രക്കായയില്‍ നിന്ന് ചിപ്‌സ്, നേന്ത്രപഴത്തില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയും യൂണിറ്റില്‍ ആരംഭിക്കും. പഴത്തില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു വരികയാണ്. ഇതിനായി സര്‍ക്കാരിന്റെയും കിഫ്ബിയുടെയും അനുമതിക്ക് വിധേയമായി യന്ത്രങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണാറ ബനാന ഹണി പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ പരിശോധിച്ച് പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ആഗസ്റ്റ് 19 ന് ഇലക്ട്രിഫിക്കേഷന്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ്. ടെക്‌നോളജി മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഉല്‍പാദനം സാധ്യമാകുന്ന യന്ത്രങ്ങളിലേക്ക് പോകുന്നതിന്‍റെ ഭാഗമായുള്ള റീ ടെണ്ടര്‍ നടപടികളും പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. കോവിഡ് കാലം പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും കെട്ടിട നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കേരളം കടക്കുകയാണെന്നും റവന്യൂമന്ത്രി പറഞ്ഞു.
സന്ദര്‍ശനത്തിലും തുടര്‍ന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് കെ ആര്‍ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് പി പി രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ രേഷ്മ സജീഷ്, കെയ്‌കോ ചെയര്‍മാന്‍ കുഞ്ഞാലി, കെയ്‌കോ എംഡി പ്രതാപ് രാജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.