കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്. പുലർച്ചെ ഒന്നുരയോടെയായിരുന്നു ആക്രമണം. ബോംബേറിൽ ഓഫിസിന്‍റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജിന്‍റെ ആറാം രക്തസാക്ഷി ദിനമായിരുന്നു ഇന്നലെ. പ്രതിസ്ഥാനത്ത് ആർഎസ്എസ് ആണ്. അതുകൊണ്ട് തന്നെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രകോപനമാകാം ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേ സമയം ആക്രമണത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.