വാഴാനി ഡാമിനോട് ചേർന്നുള്ള വനമേഖലയായ കാക്കിനിക്കാട് വടക്കേമുക്ക് ഫാമിലാണ് ഇന്നലെ പുലർച്ചെ കാട്ടാനയിറങ്ങിയത്. നേന്ത്രവാഴകളും, മറ്റും ആന’ നശിപ്പിച്ചിട്ടുണ്ട്. കമ്പിവേലി ചവുട്ടി പൊളിച്ചാണ് ആനകൾ ഫാമിലെത്തിയത്. കൂടാതെ പരിസരത്തു താമസിക്കുന്നവരുടെ പറമ്പിലും കാട്ടാനയെത്തി തെങ്ങും , വാഴകളും, നശിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ താമസിക്കുന്ന ഇവിടങ്ങളിൽ ആനയുടെ സാനിദ്യം പരിഭ്രാന്തി പരത്തുന്നുണ്ട് . ഡാമിനോട് ചേർന്നുള്ള വനമേഖയിൽ നിന്നും ആറു മാസത്തോളമായി കാട്ടാനകൾ നാട്ടിലിറങ്ങി നാശം വിതക്കുന്നു. പരിസരത്തുള്ള ആദിവാസി കോളനിയിലും കാട്ടാന ശല്ല്യം രൂക്ഷമായിരുന്നു. ഫാമിൽ രാത്രി കാലങ്ങളിൽ ലൈറ്റുകൾ പ്രകാശിക്കുന്നുണ്ടെങ്കിലും അതൊന്നും ആനകൾക്ക് പ്രശ്നമില്ല. ജനങ്ങൾ പരിഭ്രാന്തരായി ജീവിക്കുന്നതിനെ കുറിച്ചും അധീകൃതരോട് രേഖാമൂലം പരാതി നൽകിയെങ്കിലും അതൊന്നും ഗൗനിക്കാതെ ഓരോ മുടന്തൻ ന്യായങ്ങൾ നിരത്തുകയാണെന്ന് ബന്ധപ്പെട്ടവർ. ചക്ക പഴത്തിൻ്റെ മണം കേട്ടാണ് കാട്ടാനകൾ പറമ്പിലേക്കും, മറ്റും വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ചക്കയുടെ സീസൺ കഴിഞ്ഞാലും മറ്റു ഫലവൃക്ഷങ്ങൾ നശിപ്പിക്കാനും കാട്ടാനകൾ എത്താറുണ്ട്. വാഴകളെല്ലാം പിഴുതു മറക്കുകയാണ് കൂടാതെ ചെറിയ തെങ്ങുകളും മറിച്ചിടുന്നു. കുറെയൊക്കെ ഭക്ഷിക്കും , മതിയായാൽ ചവുട്ടിമെതിക്കും. കുതിരാൻ തുരങ്കം തുറന്ന പശ്ചാത്തലത്തിൽ 19 കാട്ടാനകൾ പരിസരത്തുള്ള വനമേഖലയിലേക്ക് ഇറങ്ങിയതായി വനം വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദിവസവം കാട്ടാനകൂട്ടങ്ങളുടെ വരവു ഭയന്ന് ജീവിതം തള്ളിനീക്കുകയാണെന്ന് പരിസരവാസികൾ പറയുന്നു. കല്യാണാലോചനകൾ പോലും വിരളമായാണ് നടക്കുന്നത്. നിബിഢമായ വനമേഖലയും , ഭക്ഷ്യക്കാനുള്ളവയും ലഭ്യമാകുന്ന സാഹചര്യവും കാട്ടാനകൾ ഇവിടം സുരക്ഷിത മേച്ചിൽ പുറങ്ങളാക്കുന്നു. സംഭവമറിഞ്ഞാൽ വനം വകുപ്പുദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും, ജാഗ്രത പുലർത്തണമെന്ന സാരോപദേശവും നൽകുമെന്നതിൽ കവിഞ്ഞു മറ്റു സുരക്ഷാ ക്രമീകരണങ്ങൾ അവലംഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. പഞ്ചായത്തംഗം ഷൈനി ജേക്കബ്ബ്, മുൻ പഞ്ചായത്തംഗം വി ജി സുരേഷ് സംഭവ സ്ഥലം സന്ദർശിച്ചു.