പൊതുവേ രോഗങ്ങള്‍ ബാധിക്കാത്ത പഴമായ ചക്കയിലും രോഗസാന്നിധ്യം കണ്ടെത്തി. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ഈ രോഗം കണ്ടെത്തിയത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നു ശേഖരിച്ച ചക്കയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കരമനയിലെ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സ്ഥാപനമായ സംയോജിത ഫാമിംഗ് സിസ്റ്റംസ് റിസര്‍ച്ച് സ്റ്റേഷനിലെ (ഐഎഫ്എസ്ആര്എസ്) ഗവേഷകരാണ് ചക്കയില്‍ പുതിയൊരു ഫംഗസ് ബാധയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തി പ്രബന്ധ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അഥേലിയ റോള്‍ഫ്സി എന്ന ഫംഗസ് ബാധയെന്നു ഗവേഷകര്‍ വെളിപ്പെടുത്തുന്നു. മണ്ണില്‍ പരത്തുന്ന കുമിള്‍ രോഗകാരിയായ അഥേലിയ റോള്‍ഫ്സി നിരവധി വിളകള്‍ക്ക് ഗുരുതരമായി ഭീഷണി ഉയര്‍ത്തുന്നതാണ്. പഴുക്കാത്ത ചക്കയിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇവ പഴുത്ത ചക്കയെ ബാധിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഡോ. സജീന, ദീപു മാത്യു, പ്രഫ. ജേക്കബ് ജോണ്‍, എം.കെ. ധന്യ, കെ. സുഷിത, പി. റൂബി നഹാന് എന്നീ ഗവേഷകരാണ് പ്രബന്ധം തയാറാക്കിയത്. ജേണല്‍ ഓഫ് പ്ലാന്റ് പാത്തോളജിയിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം, ചക്കയെ ബാധിക്കുന്ന അഥേലിയ റോള്‍ഫ്സി കീടത്തെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാമെന്നതില്‍ ഗവേഷണം ആരംഭിച്ചിട്ടുണ്ട്