കോൺഗ്രസിനെ നാണം കെടുത്തി മുൻ മന്ത്രിയുടെ മകൾ: തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തു; ബുദ്ധി ഉപദേശിച്ചത് പണിയില്ലാത്ത മുൻ എം.എൽ.എ, പരാതി നൽകിയത് കോൺഗ്രസ് നേതാവ്, പുറത്താക്കിയില്ലെങ്കിൽ കൂട്ട രാജി ഭീഷണിയുമായി എ.ഐ.സി.സിക്കും കെ.പി.സി.സിക്കും പരാതി, പ്രതികരണമില്ലാതെ കോൺഗ്രസ് നേതൃത്വം
രാഷ്ട്രീയ എതിരാളികൾ ഇല്ലാത്ത അവിണിശേരിയിലെ കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. മുൻമന്ത്രി സി.എൻ ബാലകൃഷ്‌ണന്‍റെ മകളും അസോസിയേഷൻ നിലവിലെ പ്രസിഡന്‍റുമായ സി.ബി ഗീത, യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ശ്യാമിനും ബാലറ്റ് പെട്ടി നിർമ്മിച്ചയാൾക്കുമെതിരെയാണ് നെടുപുഴ പോലീസ് കേസെടുത്തത്. നിലവിലെ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ വി കേശവന്‍റെ നേതൃത്വത്തിലുള്ള പാനൽ നൽകിയ പരാതിയിലാണ് കേസ്. സി.എൻ ബാലകൃഷ്ണൻ മരിക്കുവോളം പരാതികൾക്കിടനൽകാതെയും തൊഴിലാളി സൗഹൃദത്തോടെയും കൊണ്ട് നടന്നിരുന്ന ഖാദി അസോസിയേഷൻ സി.എന്നിന്‍റെ മരണത്തോടെ മകൾ കയറിപ്പറ്റുകയായിരുന്നു. രാഷ്ട്രീയ എതിരാളികളായി സി.പി.എം – ബി.ജെ.പി കക്ഷികളൊന്നും ഇല്ലാത്ത ഖാദി അസോസിയേഷനിൽ കോൺഗ്രസ് ചേരിതിരിഞ്ഞായിരുന്നു മത്സരം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്.