സഭാ നടപടികള്‍ വെട്ടിച്ചുരുക്കിയതില്‍ സ്പീക്കറെ നേരിട്ടുകണ്ട് പ്രതിഷേധമറിയിച്ച് പ്രതിപക്ഷം. യുഡിഎഫ് യോഗത്തിന് ശേഷമാണ് പ്രതിപക്ഷം സ്പീക്കറെ കണ്ടത്. ചോദ്യോത്തരവേളയും ശൂന്യവേളയും പോലും പൂര്‍ത്തിയാക്കാതെയാണ് സഭ പിരിഞ്ഞത്. ഇത് അസാധാരണ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയും മന്ത്രി സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷം പ്രതിഷേധങ്ങള്‍ ശക്തമാക്കുന്നത്. അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം ആരംഭിച്ചു. സ്പീക്കര്‍ ഡയസിലേക്ക് വന്നപ്പോള്‍ തന്നെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ കൂടിയാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ പ്രതിഷേധിച്ചത്. സജി ചെറിയാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. ചോദ്യോത്തരവേള നടപടികളിലേക്ക് സ്പീക്കര്‍ കടന്നപ്പോള്‍ പ്രതിപക്ഷ നേതാവ് ഇടപെട്ട് സംസാരിച്ചു. ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മന്ത്രി സഭയിലുള്ള സാഹചര്യത്തില്‍ ചോദ്യോത്തര വേള നിര്‍ത്തിവച്ച് അടിയന്തര പ്രമേയം അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടുപോകാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.