Kerala

ഭരണഘടനക്കെതിരായ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി.

Published

on

ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചതിൻ്റെ പേരിൽ വിവാദത്തിലായ സാംസ്കാരിക മന്ത്രി സജി ചെറിയാൻ രാജിവെച്ചു. സിപിഎം കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശത്തെ തുടർന്നാണ് മന്ത്രിയുടെ രാജിയുണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം രാജിക്കത്ത് കൈമാറുകയായിരുന്നു.ഭരണഘടന നേരിടുന്ന വെല്ലുവിളിയെക്കുറിച്ചാണ് താൻ പ്രതികരിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഭരണഘടനയെ ഞാൻ വിമർശിച്ചു എന്ന തരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകൾ പുറത്തുവരികയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയനുമായി സജി ചെറിയാൻ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളെ കണ്ട് രാജി അറിയിച്ചത്.
സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്ര നേതൃത്വം കർശന നിലപാട് സ്വീകരിച്ചതോടെയാണ് സജി ചെറിയാൻ്റെ രാജിയുണ്ടായത്. ഭരണഘടനയ്ക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രി രാജിവയ്ക്കണമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് സ്വീകരിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രി സജി ചെറിയാൻ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ഗുരുതര ആരോപണം. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version