മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനം ഓടിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ അധികാര സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുന്നി സംഘടനകള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
രാവിലെ പടിഞ്ഞാറേകോട്ടയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ അണിനിരന്നു. ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച നടപടിക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാര്‍ച്ചും ധര്‍ണയും മാറി. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് തൃശൂരിലും സമര പരിപാടി നടന്നത്.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ എം ബഷീറിനെ മദ്യപിച്ച് കാറോടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ഇടതു സഹയാത്രികര്‍ പോലും തള്ളിപ്പറഞ്ഞെന്നും കൊലയാളിയായ ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ ആലപ്പുഴ ജില്ലാ കലക്ടറായി അവരോധിച്ച സര്‍ക്കാര്‍ നടപടി യാതൊരു തരത്തിലും നീതീകരിക്കാന്‍ കഴിയില്ലെന്നും ഫസല്‍ തങ്ങള്‍ പറഞ്ഞു.നീതി ബോധമുള്ള കേരളീയ സമൂഹം ഒറ്റക്കെട്ടായി ശ്രീറാമിനെ തള്ളിപ്പറഞ്ഞിട്ടും അദ്ദേഹത്തെ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി അത്യന്തം അപലപനീയമാണ്. ശ്രീറാമിനെ കലക്ടറായി നിയമിച്ച നടപടി എത്രയും വേഗം പിന്‍വലിക്കണം. കലക്ടര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ സര്‍ക്കാര്‍ ചവിട്ടിപ്പുറത്താക്കുന്നത് വരെ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സുന്നി സംഘടനകള്‍ ശക്തമായ പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങുമെന്നും ഫസല്‍ തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ചെയര്‍മാന്‍ താഴപ്ര മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷമീര്‍ എറിയാട് ആമുഖ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി യു അലി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബ് സഖാഫി താന്ന്യം, എസ് എം എ ജില്ലാ സെക്രട്ടറി എം കെ അബ്ദുല്‍ഗഫൂര്‍, എസ് ജെ എം ജനറല്‍ സെക്രട്ടറി എസ് എം കെ തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സത്താര്‍ പഴുവില്‍, മിഥ്‌ലാജ് മതിലകം, ഷെരീഫ് പാലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.