സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള വിഷയമായതിനാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയെ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി മുതല്‍ 2 മണിക്കൂര്‍ നേരമാണ് വിഷയം സഭയില്‍ ചര്‍ച്ചചെയ്യുക. പ്രതിപക്ഷത്തിന് വേണ്ടി ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ ഡോളർക്കടത്തു നടന്നെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ വിവരം പുറത്തുവന്നതിനെ തുടർന്ന്, കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.