ജില്ലാ പോലീസ് മേധാവികൾക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന അക്രമ സാദ്ധ്യതകൾ കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയെ പ്രശംസിച്ച് നിരവധി പേർ സംസ്ഥാനത്ത് രംഗത്തെത്തുന്നുണ്ട്. എന്നാൽ നടപടിക്കെതിരെയും വിവിധ ഇടങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നു വരുന്ന സാഹചര്യമാണ് ഉള്ളത്. രാജ്യവ്യാപകമായി അന്വേഷണ ഏജൻസികൾ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ വ്യാപക അക്രമമാണ് പോപ്പുലർ ഫ്രണ്ട് അഴിച്ച് വിട്ടത്. സംഭവത്തിൽ പോലീസിനെതിരെയും ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ച ആവർത്തിക്കാതിരിക്കുന്നതിന് കൂടി വേണ്ടിയാണ് ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.കൃത്യമായ തെളിവുകൾ ശേഖരിച്ചതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണ് നടപടി. സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. അഞ്ച് വർഷത്തേക്കാണ് നിരോധനം.ഭീകരപ്രവർത്തന ബന്ധം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇതിന്റെ ഭാഗമായി എൻഐഎ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെ അടക്കം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.പ്രധാനമായും മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയത്. ആദ്യത്തേത് രാജ്യത്ത് ഭീകരപ്രവർത്തനം നടത്തുന്നു എന്നതാണ്. രണ്ടാമത്തേത് ഭീകരപ്രവർത്തനത്തിന് ധനസമാഹരണം നടത്തി എന്നതാണ്. ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ ഇതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. മൂന്നാമത്തേത് ആളുകളെ തീവ്രവാദ പ്രവർത്തനത്തിലേക്ക് റിക്രൂട്ട് ചെയ്തു, പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു എന്നതുമാണ്. ഈ മൂന്ന് ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയാണ് രാജ്യവ്യാപകമായി സംഘടനയുടെ ദേശീയ നേതാക്കളെ അടക്കം അറസ്റ്റ് ചെയ്തത്.