Kerala

റെക്കോര്‍ഡ് യാത്രക്കാരുമായി കൊച്ചി മെട്രോ : യാത്രക്കാരില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും

Published

on

കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ചൊവ്വാഴ്ച മാത്രം 97,317 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. പ്രത്യേക ഓഫറുകളൊന്നും ഇല്ലാതെ ഇത്രയധികം ആളുകള്‍ മെട്രോയില്‍ യാത്ര ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്.

കനത്ത മഴയില്‍ നഗരത്തിലെ ഗതാഗതം നിശ്ചലമായിരുന്നു. വാഹനം ഒന്ന് അനക്കാന്‍ പോലും സാധിക്കാതെ നിരവധി പേരാണ് നടുറോഡില്‍ കിടന്നത്. ഇതോടെ ആളുകള്‍ മെട്രൊയെ ആശ്രയിക്കുകയായിരുന്നു. സാധാരണയായി പ്രതിദിനം 65,000 പേരാണ് മെട്രോയില്‍ യാത്ര ചെയ്യാറുളളത്. പ്രത്യേക ഓഫര്‍ ഉള്ള ദിവസങ്ങളില്‍ ഇത് വര്‍ദ്ധിക്കും. എന്നാല്‍ ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ മെട്രോയിലെത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും മെട്രോയില്‍ കയറിയാണ് ഹൈക്കോടതിയില്‍ എത്തിയത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്‍റെ ഭാഗത്ത് എത്തിയപ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ഔദ്യോഗിക
വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടത്. ഇതോടെ അദ്ദേഹം മെട്രോയില്‍ കയറി. ഗണ്‍മാനും ഡ്രൈവറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എംജി റോഡ് സ്റ്റേഷനില്‍ ഇറങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും അവിടെ വെള്ളക്കെട്ട് ആയതിനാല്‍ മഹാരാജാസ് കോളേജ് ജംഗ്ഷനില്‍ ഇറങ്ങി. അവിടെ നിന്നും ഔദ്യോഗിക വാഹനത്തില്‍ തന്നെയാണ് അദ്ദേഹം യാത്ര ചെയ്തത്.

മഴയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമെല്ലാം ജനങ്ങളെ മെട്രോയിലേക്ക് ആകര്‍ഷിച്ചതോടെ ഒരു ദിവസം കൊണ്ട് കൊച്ചി മെട്രോ ലാഭം കൊയ്തു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version