Malayalam news

കലാമാമാങ്കത്തിനൊരുങ്ങി കൊച്ചി; മുസിരിസ് ബിനാലെക്ക് നാളെ തുടക്കം

Published

on

അഞ്ചാമത് കൊച്ചി മുസിരിസ് ബിനാലെക്ക് നാളെ തുടക്കമാകും. നാലു മാസം നീണ്ടുനില്‍ക്കുന്ന കലാമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള 90 ലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും.

രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴുവരെയാണ് പ്രവേശനം ഉണ്ടാവുക. കൊച്ചി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിവിധ വേദികളില്‍ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ വംശജയും സിംഗപ്പൂര്‍ സ്വദേശിയുമായ ശുബിഗി റാവുവാണ് ഇത്തവണ ബിനാലെ ക്യുറേറ്റര്‍. 12നു ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എറണാകുളം എന്നിവിടങ്ങളിലെ 14 വേദികളിലായി നടക്കുന്ന ബിനാലെയില്‍ 90 വയസ്സുള്ള ഗുജറാത്തുകാരന്‍ താക്കോര്‍ പട്ടേല്‍ അടക്കം പ്രശ‌സ്തരായ കലാകാരന്മാരുടെ സൃഷ്ടികള്‍ അണിനിരക്കും.

നാല് മാസം നീളുന്ന ബിനാലെയോടനുബന്ധിച്ചുള്ള സംഗീത വിരുന്നുകള്‍, സെമിനാറുകള്‍, ശില്പശാലകള്‍ എന്നിവയില്‍ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി മുഖ്യവേദിയായ ഫോര്‍ട്ട്കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് കലയരങ്ങളുടെ ഉദ്ഘാടനവും പെപ്പര്‍ ഹൗസില്‍ ഇന്‍ഡൊനേഷ്യന്‍ കലാകാരി മെലാറ്റി സൂര്യധര്‍മ്മോയുടെ കലാപരിപാടിയും നടക്കും.

കൗണ്ടര്‍ ടിക്കറ്റുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ വഴിയും ഇക്കുറി ടിക്കറ്റുകള്‍ ലഭ്യമാണ്. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേകളും ഹോട്ടല്‍ മുറികളും ഇതിനോടകം തന്നെ നിറഞ്ഞതായാണ് സംഘടകര്‍ പറയുന്നത്. സംഗീതവും ചര്‍ച്ചകളും ശില്പശാലകളുമെല്ലാം അടങ്ങിയ കലാമാമാങ്കത്തിന് കാത്തിരിക്കുയാണ് കൊച്ചി.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version