കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതിക ശരീരം ഓദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു. മുന്‍ സംസ്ഥാന ആഭ്യന്തരമന്ത്രികൂടിയായ കോടിയേരിക്ക് ഗണ്‍സല്യൂട്ട് ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ പൂര്‍ണ്ണ ബഹുമതിയോടെയാണ് സംസ്ക്കാരം നടത്തിയത്. മക്കളായ ബിനോയ് കോടിയേരിയും, ബിനിഷ് കോടിയേരിയും ചിതക്ക് തീ കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ (എം) സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എ വിജയരാഘവൻ,എം വിജയരാജൻ തുടങ്ങിയ നേതാക്കൾമുൻനിരയിൽ അണിചേർന്നാണ് വിലാപയാത്രായായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുവന്നത്. കാൽ നട ആയാണ് നേതാക്കള്‍ വിലാപയാത്രയ്ക്കൊപ്പം എത്തിയത്. സിപിഐ(എം)ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുശേഷം രണ്ടേ കാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. അന്ത്യകർമ്മങ്ങൾക്കായി കോടിയേരിയുടെ കുടുംബം നേരത്തെ പയ്യാമ്പലത്ത് എത്തിയിരിന്നു. ആയിരങ്ങളാണ് വിലാപയാത്രയിൽ പങ്കെടുത്തത്.