സർവ്വകലാവല്ലഭനായിരുന്ന സംവിധായക പ്രതിഭ ഭരതന്‍റെ ഇരുപത്തിനാലാം സ്മൃതിയാണ് ജൂലായ് 30 ശനിയാഴ്ച്ച. ഭരതൻ ഓർമ്മയായതിനു ശേഷം വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറി മുടങ്ങാതെ നടത്തുന്ന സ്മൃതിയിൽ ഒരിക്കൽ പോലും മുടക്കം വരുത്താതെ സ്മൃതി ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്താൻ കെ പി എ സി ലളിത എത്തിയിരുന്നു. കഴിഞ്ഞ സ്മൃതിയിൽ അസുഖങ്ങൾക്കിടയിലും അവരെത്തി. ഈ വർഷത്തെ ഭരതൻ സ്മൃതിയിൽ കെ.പി.എ.സി ലളിതയുടെ ഛായാചിത്രം അനാഛാദനവും അനുസ്മരണവുമാണ് പ്രധാനം. എ.സി. മൊയ്തീൻ എം എൽ .എയാണ് രണ്ടും നിർവ്വഹിക്കുന്നത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അധ്യക്ഷതയിൽ ശനിയാഴ്ച്ച രാവിലെ 9.30 ന് ലൈബ്രറി ഹാളിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ “ഭരതം ലളിതം ” ഉദ്ഘാടനം ചെയ്യും. നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സ്മൃതി ദീപം തെളിയിക്കും. മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഗോകുൽദാസിനെ ചടങ്ങിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ആദരിക്കും. നിറച്ചാർത്ത് ദേശീയ ചിത്രരചന ക്യാമ്പിൽ പാർളിക്കാട്ടെ സഹോദരിമാർ – തസ്നിയും അസ്നയും വരച്ച കെ.പി.എ.സി ലളിതയുടെ ചിത്രം നിറച്ചാർത്ത് പ്രവർത്തകർ ലൈബ്രറിക്ക് സമർപ്പിക്കും. ഭരതൻ സ്മൃതിയിൽ ഭരതൻ , ജോൺ പോൾ, പ്രതാപ് പോത്തൻ അനുസ്മരണം നിർവ്വഹിക്കുന്നത് ജയരാജ് വാര്യര്‍ ആണ്.