Local

കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 1 ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും.

Published

on

പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയാണ്. പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനായി പറപ്പൂർ 33 കെ.വി. സബ് സ്റ്റേഷനോടു ചേർന്നുള്ള സ്ഥലത്ത് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയായി. 85 ലക്ഷം രൂപ വകയിരുത്തിയിരുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം എസ്റ്റിമേറ്റ് തുകയേക്കാൾ 5.49% കുറഞ്ഞ ചിലവിലാണ് പൂർത്തീകരിച്ചത്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ തോളൂർ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളും, മണലൂർ നിയോജക മണ്ഡലത്തിലെ എളവള്ളി ഗ്രാമപഞ്ചായത്തിലെ 5 വാർഡുകളും, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 7 വാർഡുകളും ഉൾപ്പെട്ടതാണ് പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പ്രവർത്തന പരിധി. 15,000-ത്തോളം വരുന്ന ഉപഭോക്താക്കൾക്കാണ് ഈ സെക്ഷൻ വഴി സേവനങ്ങൾ നൽകുന്നത്. ഊർജ്ജ ഉത്പാദന – പ്രസരണ – വിതരണ രംഗത്ത് നൂതന പദ്ധതികളുമായി മുന്നേറുന്ന കെ.എസ്.ഇ.ബി യുടെ സേവനങ്ങൾ മെച്ചപ്പെട്ട നിലയിൽ ഉപഭോക്തൃ സൗഹൃദമായി നൽകുന്നതിന്, സൗകര്യപ്രദമായ സ്വന്തം ഓഫീസ് കെട്ടിടത്തിലെ പ്രവർത്തനം കൊണ്ട് സാധ്യമാകും. കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം 2022 ആഗസറ്റ് 1 ന് 3.00 PM ന് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം പറപ്പൂർ ക്ഷീരസംഘം ഹാളിൽ വച്ച് ചേർന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ജി പോൾസൺ, വൈസ് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി, ഗ്രാമപഞ്ചായത്ത് അംഗം വി പി അരവിന്ദാക്ഷൻ, കെ.എസ്.ഇ .ബി തൃശ്ശൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം എ പ്രവീൺ, കെഎസ്ഇബി തൃശ്ശൂർ വെസ്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി എ മനോജ് തുടങ്ങിയവർ സംസാരിച്ചു. സെക്ഷൻ ഓഫീസ് ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിയും വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. ഭാരവാഹികളായി കെ ജി പോൾസൺ (ചെയർമാൻ), വി എ മനോജ് (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version