സ്ഥിര നിയമനങ്ങൾ കുറക്കണമെന്ന നിർദേശമാണ് മനേജ്‍മെന്‍റ് സർക്കാരിന് സമർപ്പിച്ചത്. കെഎസ്ആർടിസിയിലെ 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം. വിരമിക്കുന്ന ജീവനക്കാർക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ല. കെ – സ്വിഫ്റ്റ് കമ്പനിക്ക് ബസുകൾ നൽകികൊണ്ട് കരാർ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തും. കെഎസ്ആർടിസിക്ക് പുതിയ ബസുകളോ നിയമനങ്ങളോ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 7992 തസ്തികകൾ കെഎസ്ആർടിസി വെട്ടിക്കുറച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ ജീവനക്കാരെ കുറക്കാൻ കഴിയുമെന്നാണ് മാനേജ്‍മെന്‍റ് വിശ്വസിക്കുന്നത്ത്. 3776 ബസുകൾ ഓടിക്കാൻ 26036 ജീവനക്കാരാണ് നിലവിലുള്ളത്. സിംഗിൾ ഡ്യൂട്ടി പ്രാവർത്തികമാക്കി കഴിഞ്ഞാൽ 20,938 ജീവനക്കാരെ കൊണ്ട് 4250 ബസുകൾ പൂർണതോതിൽ ഓടിക്കാൻ കഴിയുമെന്നാണ് മാനേജ്‍മെന്‍റ് കണക്കുകൂട്ടൽ. അതെ സമയം മാനേജ്‍മെന്‍റ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനത്തോട് ജീവനക്കാർക്ക് ശക്തമായ എതിർപ്പാണുള്ളത്. നിലവിലെ സംവിധാനത്തിൽ ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യേണ്ട സംവിധാനത്തിന് പകരം സിംഗിൾ ഡ്യൂട്ടി അനുസരിച്ച് ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരും. ഇത് തന്നെയാണ് പ്രധാനമായും പ്രതിഷേധത്തിന് കാരണമാകുന്നത്.