യാത്രികരുമായി പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ച് കയറി. കളമശ്ശേരിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു.
ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടിവിഎസ് ജംഗ്ഷന് മുൻപുള്ള മേൽപ്പാലത്തിന് സമീപം എത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പാളത്തിലേക്ക് കോൺക്രീറ്റ് പാളികൾ ഇളകി വീണു. സംഭവ സമയം അതുവഴി ചരക്ക് തീവണ്ടിയെത്തിയെങ്കിലും അപകടം മനസ്സിലാക്കി നിർത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു കോൺഗ്രീറ്റ് പാളികൾ എടുത്ത് മാറ്റിയത്.അപകടത്തെ തുടർന്ന് അതുവഴിയുളള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അപകടത്തിൽ യാത്രികർക്ക് പരുക്കില്ല. ഇവരുമായി മറ്റൊരു ബസ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അപകടത്തിൽ ബസ് പൂർണമായും തകർന്നു.