Local

കുടുംബശ്രീ ജില്ലാ മിഷന്റെ ‘അമൃതം കര്‍ക്കിടകം’ പരമ്പരാഗത ആരോഗ്യ ഭക്ഷ്യ മേളയ്ക്ക് തുടക്കമായി.

Published

on

കലക്ട്രേറ്റ് അങ്കണത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കേരള തനിമയും നാടന്‍ രുചിയും നിലനിര്‍ത്തുന്ന പരമ്പരാഗത ഭക്ഷ്യോല്‍പന്നങ്ങളാണ് ഏഴ് ദിവസം നീണ്ട മേളയുടെ മുഖ്യ ആകര്‍ഷണം. കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ വിവിധതരം ഔഷധ കഞ്ഞിയും പത്തില കറികളും ഉള്‍പ്പെടുത്തിയാണ് അമൃതം കര്‍ക്കിടകം എന്ന പേരില്‍ മേള നടത്തുന്നത്. മരുന്ന് കഞ്ഞി, ആയുര്‍വേദ കഞ്ഞി, ജീരക കഞ്ഞി, ഓട്‌സ് കഞ്ഞി, കൊഴുക്കട്ട, പത്തില പുഴുക്ക്, വിവിധ തരം പായസം, ചെറുപയര്‍ പുഴുക്ക്, നെല്ലിക്ക ചമ്മന്തി, ചുക്ക് കാപ്പി, മരുന്ന് ഉണ്ടകള്‍, ഔഷധ കൂട്ട് എന്നിവ മേളയില്‍ ലഭ്യമാണ്. വീടുകളില്‍ നിന്ന് ശേഖരിച്ച ഇലകള്‍ ഉപയോഗിച്ചാണ് പത്തില പുഴുക്ക് തയ്യാറാക്കിയത്. കൂടാതെ വിവിധതരം പായസങ്ങള്‍, പരമ്പരാഗത വിഭവങ്ങള്‍ തുടങ്ങിയവ പാഴ്‌സലായും ലഭിക്കും. പത്തില കറിക്ക് 40 രൂപയും ഔഷധ കഞ്ഞിക്ക് 70 രൂപയുമാണ് വില. ആരോഗ്യ ഭക്ഷ്യമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ നിര്‍വഹിച്ചു. തൃശൂര്‍ ഔഷധി പഞ്ചകര്‍മ്മാശുപത്രി മുന്‍ മേധാവി ഡോ കെ എസ് രജിതന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്‍, ആദര്‍ശ് പി ദയാല്‍, ഐഫ്രം സി ഇ ഒ അജയ്കുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. കലക്ട്രേറ്റ് അങ്കണത്തിലെ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന മേളയില്‍ ഉല്‍പന്ന പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഈ മാസം 25ന് മേള സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version