ജില്ലയിലെ മൂന്നാമത്തെ കുടുംബകോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. കുടുംബകോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കര നമ്പ്യാർ ഓൺലൈനായി നിർവ്വഹിച്ചു. കുടുംബകോടതിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജഡ്ജി സി കെ ബൈജു നാട മുറിച്ചു. ജില്ലാ സെഷൻസ് ജഡ്ജി (ഇൻ ചാർജ്ജ്) പി എൻ വിനോദ്, ജില്ലാ കുടുംബകോടതി ജഡ്ജി സി കെ ബൈജു, മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസ്, പോക്സോ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ്, പോക്സോ ജഡ്ജി ലിഷ, കുന്നംകുളം ബാർ അസോസിയേഷൻ പ്രസിഡൻറ് കെ എം ഉണ്ണികൃഷ്ണൻ, തൃശൂർ ബാർ അസോസിയേഷൻ പ്രസിഡൻറ് ഇ രാജൻ, അഡ്വക്കേറ്റ്സ് ക്ലർക്ക് അസോസിയേഷൻ പ്രസിഡൻറ് പി പി വിശ്വംഭരൻ, അഭിഭാഷകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.എ സി മൊയ്തീൻ എംഎൽഎയുടെ നിരന്തര പരിശ്രമ ഫലമായാണ് കുന്നംകുളത്ത് കുടുംബകോടതി ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്. അയ്യന്തോൾ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് ജില്ലയിൽ കുടുംബ കോടതികൾ പ്രവർത്തിക്കുന്നത്. കുന്നംകുളം കോടതിയോട് ചേർന്നുള്ള മീഡിയേഷൻ സെൻറർ കെട്ടിടത്തിലാണ് കുടുംബകോടതി സജ്ജീകരിച്ചിട്ടുള്ളത്. കുന്നംകുളം, ചാവക്കാട് താലൂക്കുകളിലായി 54 വില്ലേജുകളിലെ കേസുകൾ പുതിയ കുടുംബകോടതിയിൽ പരിഗണിക്കും. ചാവക്കാട് താലൂക്കിലെ 31 വില്ലേജും കുന്നംകുളം താലൂക്കിലെ 23 വില്ലേജും കുന്നംകുളം കുടുംബകോടതിയുടെ പരിധിയിൽ വരും.