പൂച്ച ചാവാനിടയായത് അമിത ഡോസുള്ള മരുന്ന് കുത്തിവെച്ചത് മൂലമാണെന്നാരോപിച്ച് പൂച്ചയുടെ ഉടമസ്ഥനും സുഹൃത്തും കുന്നംകുളം വെറ്റിനറി ആശുപത്രിക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി.
പുന്നയൂർക്കുളം സ്വദേശി വി കെ ഷെഫീർ, സുഹൃത്ത് മുഹമ്മദ് അഫ്താബ് എന്നിവരാണ് വെറ്റിനറി ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രിക്ക് മുൻപിൽ പ്ലക്കാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നിൽപ്പ് സമരം നടത്തിയത്. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് പേർഷ്യൻ ഇനത്തിൽ പെട്ട പൂച്ചയെ ശക്തമായ ക്ഷീണത്തെ തുടർന്ന് പരിശോധിക്കുന്നതിനായി കുന്നംകുളം വെറ്റിനറി ആശുപത്രിയിൽ എത്തിച്ചത്. 9 മണിക്ക് ജോലിയിൽ പ്രവേശിക്കേണ്ട ഡോക്ടർ പത്തുമണിയായിട്ടും കാണാത്തതിനെ തുടർന്ന് ഷഫീറും സുഹൃത്തും ഡോക്ടറുടെ കൃത്യ നിഷ്ടയെ ചോദ്യം ചെയ്യ്ത വൈരാഗ്യത്തിൽ ഡോക്ടർ അമിതഡോസിലുള്ള മരുന്ന് കുത്തി വെച്ചത് മൂലമാണ് പൂച്ച ചാവാനിടയായതെന്നാണ് ഉടമ ഷെഫീറിന്റെ ആരോപണം. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിന് പരാതി നൽകിയതായും പരാതിയുമായി കോടതിയെ സമീപിക്കുമെന്നും ഷഫീർ പറഞ്ഞു.