ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കുന്നംകുളം മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് 25 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ. രേഖ, പി അരുണ്‍, നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എസ് ഷീബ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഫോര്‍മാലിന്‍, അമോണിയ ടെസ്റ്റുകള്‍ നടത്തിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. പിടിച്ചെടുത്ത പഴകിയ മത്സ്യം ഫുഡ് സേഫ്റ്റി വിഭാഗം നശിപ്പിച്ചു. തുടര്‍ പരിശോധനകള്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.