മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെയും (കെയുഡബ്ല്യുജെ) കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ തൃശൂർ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ മാര്‍ച്ച് അയ്യന്തോള്‍ അമര്‍ജവാന്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച് കളക്ടറേറ്റിനു മുൻപിൽ സമാപിച്ചു തുടർന്ന് നടന്ന ധർണ്ണ ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. കൊല കേസിലെ ഒന്നാം പ്രതിയെ ജില്ലാ മജിസ്ട്രേറ്റായി നിയമിച്ചത് ദൗർഭാഗ്യകരമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. സുഭാഷ്, മുഖ്യപ്രഭാഷണം നടത്തി.