സ്വന്തമായി ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗക്കാർക്ക് ഭൂമി അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയിലേക്ക് ഗുണഭോക്താക്കൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 60 വയസ്സിൽ നിന്നും 70 വയസ്സായും, വരുമാന പരിധി Rs.50000 നിന്നും Rs. 1 ലക്ഷം ആയും ഉയർത്തി. കൂടാതെ 50 വയസിനു മുകളിൽ പ്രായമുള്ളവരും ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ അവിവാഹിതരായ വനിതകൾക്കും പദ്ധതിയുടെ കീഴിൽ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്. ചട്ടങ്ങളുടെ കാലാനുസൃതമായ ഇത്തരം പരിഷ്കരണങ്ങളിലൂടെ സ്വന്തമായി ഭൂമിയില്ലാതിരിക്കുന്ന കൂടുതൽ പേർക്ക് ഭൂമി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. എല്ലാവർക്കും സ്വന്തമായി ഭൂമിയും വീടും എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ ഒരു ചുവടു കൂടെ നടന്നടുക്കുന്നു എന്നത് ഏറെ സംതൃപ്തി നൽകുന്ന ഒന്നാണ്.