രണ്ട് കട മുറികളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പോലീസ്, ഫയർഫോഴ്സ് സംഘം 141 കുടുംബങ്ങളിലെ 450 പേരെ മാറ്റിപ്പാർപ്പിച്ചു. രാത്രി ഇതുവഴി വാഹനത്തിൽ വന്ന ആളുകളാണ് ഉരുൾപൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ട് ഇവർ അറിയിച്ചതിനെ തുടർന്ന് കുടുംബങ്ങളെ പൂർണമായും അടുത്തുള്ള സ്കൂളുകളിലേക്കും മറ്റും മാറ്റി. സ്ഥലത്തെ രണ്ട് കടകളും ക്ഷേത്രവും പൂർണമായും മണ്ണിനടിയിലായിട്ടുണ്ടെന്നും ആളപായമില്ലെന്നും ദേവികുളം എം.എൽ.എ എ. രാജ പറഞ്ഞു. വട്ടവട – മൂന്നാർ റോഡിൽ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാൽ റോഡ് പൂർണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചതായും റോഡിന്‍റെ അവസ്ഥ ഇതിന് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്നും എം.എൽ.എ അറിയിച്ചു. എല്ലാവരും നല്ല ഉറക്കസമയത്തായതിനാൽ ഉരുൾപൊട്ടിയ കാര്യം ആരും അറിഞ്ഞിരുന്നില്ല.