Local

വടക്കുന്നാഥനിലെ ആ മണിനാദം വീണ്ടും കേൾക്കാം; നവീകരിച്ച നാഴികമണി ക്ഷേത്രത്തിൽ സമർപ്പിച്ചു

Published

on

തൃശൂർ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിലെ പഴയ നാഴിക മണി വീണ്ടും സമയം ഓർമപ്പെടുത്തി നാദം മുഴക്കും. ഇന്ന് രാവിലെ എട്ടിന് നവീകരിച്ച നാഴിക മണി ക്ഷേത്രത്തിൽ സമർപ്പിച്ചു. ക്ഷേത്രം തുറക്കുന്ന പുലർച്ചെ മൂന്ന് മുതൽ മണിക്കൂറുകൾ അറിയിച്ച് മുഴങ്ങിക്കൊണ്ടിരുന്ന നാഴികമണി ഇക്കഴിഞ്ഞ അഞ്ചിനാണ് തകരാറിലായി നാദം നിലച്ചത്. മണിയുടെ നാക്ക് ഇളകിപ്പോരുകയായിരുന്നു. നാക്ക് ഉറപ്പിച്ചിരുന്ന ഇരുമ്പുകഷ്ണം ദ്രവിച്ചതാണ് കാരണം. വെള്ളോടിൽ നിർമിച്ച 65 കിലോയിലധികം ഭാരമുള്ള മണി നൂറ്റാണ്ടിലധികം പഴക്കമുണ്ട്. രണ്ട് ദിവസം മണി മുഴങ്ങുന്നത് കേൾക്കാതായപ്പോൾ ആളുകളെത്തി ക്ഷേത്രത്തിൽ അന്വേഷിച്ചതോടെ അടുത്ത ദിവസം താൽക്കാലികമായി മണിയെത്തിച്ച് നാഴികമണി മുഴക്കിയിരുന്നു. എന്നാൽ ശബ്ദക്കുറവും പഴയ മണിനാദത്തിന്‍റെ സൗന്ദര്യമില്ലായ്മയും പ്രകടമായിരുന്നു. തകരാറിലായ മണി വിദഗ്ദരെയെത്തിച്ചാണ് പരിശോധിച്ച് നവീകരണത്തിനായി മാറ്റിയത്. നവീകരണം പൂർത്തിയാക്കി ചൊവ്വാഴ്ച മണി ക്ഷേത്രത്തിലെത്തിച്ചു. അറ്റകുറ്റപണികളിലൂടെ മണിയുടെ ശബ്ദം വർധിപ്പിക്കാനായതായി അധികൃതര്‍ പറയുന്നു. മണിയുടെ നാക്ക് ഉറപ്പിച്ചിരുന്ന ഇരുമ്പു കഷ്ണം ദ്രവിച്ചത് മാറ്റിയതിനൊപ്പം മറ്റുചില കേടുകള്‍കൂടി പരിഹരിച്ചാണ് നവീകരിച്ചത്. തൃശൂർ റൗണ്ട് ചുറ്റി സമീപമേഖലയിലേക്കും മണിനാദം എത്തും. പുലർച്ചെ മൂന്ന് മുതൽ രാത്രി ഒമ്പത് വരെയും സമയത്തിനനുസരിച്ചാണ് നാഴികമണിയടിച്ചിരുന്നത്. 12 ആവുമ്പോൾ 12 തവണയും അടിക്കുന്നതാണ് നാഴികമണി. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരാണ് നാഴികമണി മുഴക്കുന്ന ചുമതല നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version