പ്രമുഖവ്യവസായി എം.എ യൂസഫലി ലോകത്തെ അത്യാഡംബര ഹെലികോപ്റ്ററുകളിൽ മുൻപന്തിയിലുള്ള ‘എയർബസ് എച്ച് 145’ ഹെലികോപ്റ്റർ സ്വന്തമാക്കി. പുതിയ ഹെലികോപ്റ്റർ കൊച്ചിയിലാണ് പറന്നിറങ്ങിയത് ജർമനിയിലെ എയർബസ് വിമാനക്കമ്പനിയിൽ നിന്നുള്ളതാണ് ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച് 145 ന് ഏതാണ്ട് 100 കോടി രൂപയാണ് ചെലവുവന്നത്. ഒരേസമയം രണ്ട് ക്യാപ്റ്റന്മാർക്ക് പുറമെ ഏഴ് യാത്രക്കാർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ ഏകദേശം 245 കിലോമീറ്റർ വേഗത്തിൽ പറക്കാനാകും. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിൽവരെ പറന്നു പൊങ്ങാനുള്ള ശേഷിയുണ്ട്. ഹെലികോപ്റ്ററിൽ ലുലു ഗ്രൂപ്പിന്‍റെ ലോഗോയും യൂസഫലിയുടെ പേരിന്‍റെ ആദ്യാക്ഷരമായ ‘വൈ’യും ആലേഖനം ചെയ്തിട്ടുണ്ട്. ഈ വർഷം മാർച്ചിൽ എയർബസ് എച്ച് 145 ഹെലികോപ്റ്റർ വാങ്ങിയ ആർപി ഗ്രൂപ്പ് കമ്പനികളുടെ ചെയർമാൻ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ.
കഴിഞ്ഞ വർഷം ഏപ്രിലിൽ യൂസുഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ചതുപ്പിൽ പതിച്ചിരുന്നു. അത്ഭുകരമായിട്ടാണ് അന്നത്തെ അപകടത്തിൽ നിന്ന് അദ്ദേഹവും കുടുംബവും രക്ഷപ്പെട്ടത്. ഇറ്റാലിയൻ കമ്പനിയ അഗസ്ത വെസ്റ്റാന്‍റിന്‍റെ 199 എസ്പി ഹെലികോപ്ടറായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. ഈയിടെ അത് വിൽപനക്ക് വെച്ചത് വലിയ വാർത്തയായിരുന്നു.