Local

മച്ചാട് രവിപുര മംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു.

Published

on

കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് മച്ചാട് രവിപുര മംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു. കതിർക്കറ്റകൾ കിഴക്ക് ഭാഗത്ത് ആലിൻച്ചുവട്ടിൽ അരിമാവണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി ജഗദീഷ് എമ്പ്രാന്തിരി കതിർക്കറ്റകളിൽ തീർത്ഥം തളിച്ച് ശുദ്ധി വരുത്തി. തുടർന്ന് ഉണങ്ങലരിയിട്ട ഓട്ടുരുളിയിൽ ആദ്യ കതിർക്കറ്റകൾ വെച്ച് ക്ഷേത്രം മേൽശാന്തി തലയിലേന്തി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ശ്രീകോവിലിന് മുന്നിലെ വലിയമ്പലത്തിൽ കതിർക്കറ്റകൾ സമർപ്പിച്ചു. ‌ക്ഷേത്രം മേൽശാന്തി ജഗദീഷ് എമ്പ്രാന്തിരി സർവൈശ്വര്യ പൂജയും, ലക്ഷ്മിപൂജയും നടത്തി. പൂജകൾക്ക് ശേഷം ഒരുപിടി കതിര് പട്ടിൽ പൊതിഞ്ഞ് രവിപുരമംഗലത്തപ്പന്‍റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തിയതോടെ ഇല്ലംനിറ ചടങ്ങ് സമാപിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് ശ്രീമതി ജയ കല്ലൂർ മഠം, സെക്രട്ടറി രജിത കല്ലിപറമ്പിൽ , ദേവസ്വം ഓഫീസർ മനോജ്, തത്ത്വമസി അയ്യപ്പാ സേവാ സംഘം പ്രസിഡന്‍റ് ദിനേശൻ മച്ചാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ഭഗവാന് നിവേദിച്ച ഔഷധ സേവയും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version