മാടക്കത്തറ പഞ്ചായത്ത് താണിക്കുടം പതിനഞ്ചാം വാർഡ് അംഗം സേതു താണിക്കുടമാണ് അവസരോചിത ഇടപെടൽ മൂലം വയോധികയുടെ ജീവൻ രക്ഷിച്ചത്. താണിക്കുടം കള്ളായിയിൽ പഴയ കൃഷി ഭവന് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന പരേതനായ പുതുപ്പള്ളി വിജയൻ ഭാര്യ അംബികയുടെ വീട്ടിൽ നിന്ന് നേരം പുലർന്നിട്ടും അനക്കങ്ങൾ ഒന്നും കേൾക്കാത്തതിൽ സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ പഞ്ചായത്ത് അംഗം സേതു താണിക്കുടത്തെ വിളിച്ചറിയിക്കുകയായിരിന്നു. വിവരം ലഭിച്ച ഉടൻ തന്നെ പഞ്ചായത്ത് അംഗം സ്ഥലത്തെത്തി അംബികയെ ഉറക്കെ വിളിച്ചെങ്കിലും പ്രതികരണം ഒന്നും ലഭിച്ചില്ല. അപകടം മനസിലാക്കിയ പഞ്ചായത്ത് അംഗം വീടിന്‍റെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ കാണുന്നത് അവശനിലയിൽ ശ്വാസം പോലും കിട്ടാതെ കിടക്കുന്ന അംബികയെ ആണ്. ഉടൻ തന്നെ പരിസര വാസികളുടെ സഹായത്തോടെ ഇവരെ ആശുപത്രിയിൽ എത്തിച്ചു . പക്ഷാഘാതം മൂലമാണ് ഇത്തരം ഒരു അവസ്ഥ അംബികക്ക് ഉണ്ടായതെന്നും ഇവരെ കൃത്യസമയത്ത് ആശുപത്രയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി എന്ന് ഡോക്ടർമാർ അറിയിച്ചു. കൃത്യ സമയത്ത് ഇടപെട്ട് വയോധികയെ ആശുപത്രയിൽ എത്തിച്ച സേതു താണിക്കുടത്തെ നാട്ടുകാരും ഡോക്ടറാമാരും അഭിനന്ദിച്ചു.