മാടക്കത്തറ പഞ്ചായത്തിന്‍റെ സേവനങ്ങൾ അതിവേഗത്തിൽ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായാണ് ഗ്രാമസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തും കുടുംബശ്രീ അംഗങ്ങളും സംയുക്തമായാണ് പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഗ്രാമസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന അത്യാവശ്യ സേവനങ്ങൾക്ക് ഇനി ഗ്രാമസേവന കേന്ദ്രങ്ങളെ സമീപിക്കാം. കെട്ടിട നികുതി അടയ്ക്കൽ മുതൽ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ വരെ ഇവിടെ ലഭിക്കും. കട്ടിലപൂവ്വം ആശാരിക്കാട് ഗ്രാമീണ സഹകരണ സംഘം സൗജന്യമായി അനുവദിച്ച മുറിയിലാണ് ആദ്യ ഗ്രാമസേവന കേന്ദ്രത്തിന്‍റെ പ്രവർത്തനം ആരംഭിക്കുന്നത്. മാടക്കത്തറ പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ ബജറ്റിൽ മുന്‍ഗണന നല്‍കിയ പദ്ധതിയാണിത്. ഗ്രാമസേവനങ്ങള്‍ ജനങ്ങളിലേയ്ക്ക് തടസമില്ലാതെ എത്തിക്കുന്നതിനാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഗ്രാമസേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി ചെന്നിക്കര പറഞ്ഞു