Local

മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ പത്ത് കോടിയുടെ ജലസംരക്ഷണ പദ്ധതികള്‍ക്ക് തുടക്കമാകുന്നു.

Published

on

2021-22 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ കച്ചിത്തോട് ഡാമിന്റെയും താണിക്കുടം പുഴയുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി വീതം അനുവദിച്ചത്. കച്ചിത്തോട് ഡാമിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാകുന്നതോടെ മാടക്കത്തറ പഞ്ചായത്തിലെ മലയോര ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ഈ പ്രദേശം മാറും. ഡാമില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യല്‍, നിലവിലെ ചെക്ക് ഡാമിന്റെ ചോര്‍ച്ച തടഞ്ഞ് ബലപ്പെടുത്തല്‍, ഡാമിന്റെ പുനരുജ്ജീവനവും പ്രധാന വ്യൂ പോയിന്റുകളുടെ നിര്‍മ്മാണം, റോഡ്, കഫറ്റേരിയ, ശുചിമുറി എന്നിവയുടെ നിര്‍മാണം എന്നിവ പുനരുദ്ധാരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നത്. ഇതിന് പുറമെ ഗ്രാമീണ കാഴ്ചകളെ നിലനിര്‍ത്തി കൊണ്ട് തന്നെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധമുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ഡാമിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കച്ചിത്തോട് റിസര്‍വ്വോയറിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വാരിക്കുളം കുടിവെള്ള പദ്ധതിയുടെ ജലവിതരണക്ഷമത വര്‍ധിപ്പിക്കുന്നതിന് സഹായകമാകും. 50 ഏക്കര്‍ കൃഷി സ്ഥലത്തേയ്ക്ക്ജലസേചനം ചെയ്യാന്‍ കഴിയും. ഭൂഗര്‍ഭ ജലസംരക്ഷണമാണ് താണിക്കുടം പുഴ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. താണിക്കുടം ക്ഷേത്ര ഭാഗത്തെ പുഴയുടെ ഒഴുക്ക് സുഖമമാക്കല്‍, തടയണകള്‍ നിര്‍മ്മിക്കല്‍, പഴയ തടയണ ബലപ്പെടുത്തല്‍, പുഴയുടെ ഇരുവശത്തെയും പുറംമ്പോക്ക് ഭൂമി കണ്ടെത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതോടെ മലയോര മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനും പീച്ചി ഡാമില്‍ നിന്ന് ലഭിക്കുന്ന വെള്ളം സംഭരിക്കാനും കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version