മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്ന് ശിവസനേ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല. വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചു. എൻസിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സഞ്ജയ് റാവത്താണ് നിലപാട് വ്യക്തമാക്കിയത്.അതേസമയം വിമതപക്ഷം കരുത്തു കൂട്ടുന്ന പശ്ചാത്തലത്തിൽ പാർട്ടിയെ കൂടെ നിർത്താൻ ഉദ്ധവ് താക്കറെ അടിയന്തരയോഗം വിളിച്ചു.12 വിമത എം എൽ എ മാർക്കും അയോഗ്യരാക്കാൻ ഇന്ന് നോട്ടീസ് നൽകും. അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഏക് നാഥ് ഷിൻഡെ വിഭാഗം. മഹാ വികാസ് അഘാഡി സർക്കാരിന് ആഘാതമേൽപ്പിച്ചുകൊണ്ട് കൂടുതൽ എം.എൽ.എമാർ ഏക്നാഥ് ഷിൻഡേയുടെ ക്യാമ്പിലെത്തിയിട്ടുണ്ട്.