മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാവികാസ് അഘാടി സർക്കാർ രാജിവെച്ചേക്കും. മന്ത്രിസഭ പിരിച്ചു വിടുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീളുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. “വിധാൻ സഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ വികാസങ്ങൾ നീങ്ങുന്നത്.” എന്നാണ് റാവത്തിന്‍റെ ട്വീറ്റ്. വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ വിലപേശലിന് വഴങ്ങാതെ ഉദ്ധവ് താക്കറെ രാജിവെച്ചേക്കുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പറയുന്നത്. ശിവസേന എം.എൽ.എ ഏക്നാഥ് ഷിൻഡെയും എം.എൽ.എമാരും വിമത നീക്കവുമായി ഗുജറാത്തിലെ സൂറത്തിലേക്ക് പോയതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമായത്. അവിടെ നിന്നും ഷിൻഡെയും എം.എൽ.എമാരും ഇന്ന് പുലർച്ചെ സൂറത്തിൽ നിന്നും അസമിലെ ഗുവാഹത്തിയിലെത്തി. ശിവസേനയിലെ 40 എം.എൽ.എമാരുടെയും ആറ് സ്വതന്ത്രരുടെയും പിന്തുണ തനിക്ക് ഉണ്ടെന്നാണ് ഏക്നാഥ് ഷിൻഡെ അവകാശപ്പെടുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശിവസേന എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗം ഉദ്ധവ് താക്കറെയുടെ വസതിയിൽ ചേരുന്നുണ്ട്. ഈ യോഗത്തിൽ ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചേക്കുമെന്നാണ് വിവരം. നിലവിൽ വിമത ക്യാമ്പിൽ നിന്നും മടങ്ങിയെത്തിയ മൂന്ന് എം.എൽ.എമാരടക്കം ശേഷിക്കുന്ന എം.എൽ.എമാരെ ശിവസേന റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിൽ ശിവസേനയുടെ 55 എം.എൽ.എമാരിൽ 17 പേർ മാത്രമാണ് പങ്കെടുത്തത് എന്നാണ് വിവരം. തങ്ങൾക്കൊപ്പം 33 എം.എൽ.എമാർ ഉണ്ടെന്നാണ് ശിവസേനയുടെ വാദം. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബിജെപിക്ക് അപ്രതീക്ഷിത ജയം ലഭിച്ചതോടെയാണ് മഹാരാഷ്ട്രയിൽ വിമത നീക്കം ആരംഭിച്ചത്. കോൺഗ്രസും എൻസിപിയുമായുള്ള ബന്ധം അവസാനിപ്പിക്കണമന്നും ബിജെപിയുമായുള്ള സഖ്യം പുനസ്ഥാപിക്കണമെന്നുമാണ് വിമത നേതാവ് ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതിനു പിന്നാലെയാണ് മഹാരാഷ്ട്രയിൽ വിമതനീക്കം സജീവമായത്. തിങ്കളാഴ്ച മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 10 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നാലിടത്ത് ജയിക്കേണ്ട ബിജെപി അഞ്ചിടത്താണ് ജയിച്ചത്. ശിവസേന എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തെന്നാണ് കണ്ടെത്തൽ. ഇതിനു പിന്നാലെയാണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത നീക്കം ആരംഭിച്ചത്.