സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വന്‍ തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വത്തുവകകള്‍ വിറ്റതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ആലഞ്ചേരിക്കെതിരെ രജിസ്റ്റര്‍ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ദിനാള്‍ കോടതിയെ സമീപിച്ചിരുന്നത്.ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. അതേസമയം, കേസ് തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കു ശേഷം നടത്തിയ പരാമര്‍ശങ്ങളില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. പള്ളിയുടെ സ്വത്തുവകകള്‍ ബിഷപ്പിന് വില്‍ക്കാന്‍ അധികാരമില്ലെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കര്‍ദിനാളും ബത്തേരി രൂപതയും താമരശ്ശേരി രൂപതയും കോടതിയെ സമീപിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കുന്നതായി വ്യക്തമാക്കിയ സുപ്രീംകോടതി, ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന ഹര്‍ജികള്‍ തള്ളുകയും ചെയ്തു.