ഭക്തജന ലക്ഷങ്ങൾക്ക് ദർശന സായുജ്യമേകി ശബരിമലയിൽ മകരവിളക്ക് ഉത്സവം ഇന്ന് . രാവിലെ 11 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാവു. തുടർന്ന് മകരവിളക്കിന് മുന്നോടിയായ ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും.മകരവിളക്കിനോട് അനുബന്ധിച്ച ദീപാരാധന വേളയിൽ അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തിൽനിന്ന് പരമ്പരാഗത പാതയിലൂടെ കാൽനടയായി എത്തുന്ന ഘോഷയാത്ര സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയിൽനിന്ന് സ്വീകരിക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ, ബോർഡ് അംഗം എം.എസ്. ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സോപാനത്തേക്ക് ആചാരപൂർവം ആനയിക്കും. തുടർന്ന് 6.30ന് തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധനയും മകരജ്യോതി ദർശനവും നടക്കും. ദീപാരാധനക്ക് ശേഷം രാത്രി 8.45ന് മകരസംക്രമ പൂജ. തുടർന്ന് തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം.