കടയുടമയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ രണ്ട് മലയാളികൾ അറസ്റ്റിൽ. നാഗർകോവിലിലാണ് സംഭവം. ചെമ്മൻകാല സ്വദേശി ഗണേശന്റെ ഭാര്യ ക്രിസ്റ്റിനയുടെ (53) മാലയാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട, ആനപ്പാറ സ്വദേശി രാജുവിന്റെ ഭാര്യ ശാന്തകുമാരി (40), പള്ളിച്ചൽ നരിവാമൂട് സ്വദേശി രാജേന്ദ്രന്റെ മകൻ സതീഷ് (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഡിസംബർ 10 ന് രാത്രി 9.30 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി കടയിൽ എത്തിയ ഇരുവരും 1 കിലോ പഴം ആവശ്യപ്പെടുകയായിരുന്നു. പഴം എടുക്കുന്ന സമയം ശാന്തകുമാരി ക്രിസ്റ്റിനയുടെ കഴുത്തിൽ കിടന്നിരുന്ന ആറര പവന്റെ മാല പൊട്ടിച്ചു. ഇതിന് ശേഷം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്ഐ അരുളപ്പന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈയിൽ നിന്ന് ആറര പവന്റെ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.