Kerala

മണ്ഡല പൂജ കഴിഞ്ഞു; ഇനി മകരവിളക്കിനായുള്ള കാത്തിരിപ്പ്

Published

on

കഠിന വ്രതാനുഷ്ഠാനങ്ങളോടെ ശരണ മന്ത്രങ്ങള്‍ ഉയര്‍ന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഡിസംബര്‍ 30നാണ് വീണ്ടും തുറക്കുക. അയ്യപ്പന് തങ്ക അങ്ക ചാര്‍ത്തി മണ്ഡലപൂജ നടന്നു. തുടര്‍ന്ന് രാത്രി ഹരിവരാസനം പാടി ഭഗവാനെ യോഗ നിദ്രയില്‍ ഉറക്കിയാണ് ശബരിമല നട അടച്ചത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്ന് ഭക്തിസാന്ദ്രമായ ശബരിമലയില്‍ 41 ദിവസത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിനാണ് ചൊവ്വാഴ്ചയോടെ പരിസമാപ്തിയായത്. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കൊറോണ നിയന്ത്രണങ്ങളില്ലാതെ ഭക്തജനപ്രവാഹം അഭൂതപൂര്‍വമായി വര്‍ധിച്ച തീര്‍ത്ഥാടന കാലത്തിനായിരുന്നു അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം വഹിച്ചത്. ഇനി മകരവിളക്ക് ഉത്സവത്തിനായുള്ള കാത്തിരിപ്പാണ്. ശബരീശന് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചൊവ്വാഴ്ച ഉച്ചയ്‌ക്കായിരുന്നു നടന്നത്. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. തങ്ക അങ്കി ചാര്‍ത്തിയ അയ്യനെ കണ്ട സായൂജ്യവുമായാണ് അയ്യപ്പന്മാര്‍ മലയിറങ്ങിയത്. വൈകിട്ട് പത്തുമണിയോടെയായിരുന്നു ഹരിവരാസനം പാടി നട അടച്ചത്. 2023 ജനുവരി 14ന് നടക്കുന്ന മകരവിളക്കിനും വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇത്തവണ നടവരവില്‍ നിന്നും റെക്കോര്‍ഡ് വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. മണ്ഡലകാലയളവില്‍ നടവരവായി മാത്രം 223 കോടി രൂപ ലഭിച്ചു. 30 ലക്ഷം പേര്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version