കർണാടകയിലെ മംഗളൂരുവിൽ ബിജെപി-യുവമോർച്ച പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു. യുവമോർച്ചയുടെ പ്രദേശിക നേതാവായ പ്രവീൺ നെട്ടാരു (32) വിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്നാണ് വിവരം. ബെല്ലാരെയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കേരള-കർണാടക അതിർത്തി പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് സുരക്ഷ ശക്തമാക്കി. ബിജെപി യുവമോർച്ച ജില്ലാ സെക്രട്ടറിയായിരുന്നു പ്രവീൺ നെട്ടാരു. ബെല്ലാരെയിൽ വ്യാപാര സ്ഥാപനം നടത്തിയിരുന്ന പ്രവീൺ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ബെല്ലാരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി