മദ്യദുരന്തത്തിന്റെ വാര്‍ഷിക ദിനത്തിലാണ് മണിച്ചന്‍ പുറത്തിറങ്ങുന്നത് .
ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പില്‍ എത്താത്തതാണ് മോചനം വൈകാന്‍ കാരണമായി. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ ഏഴാം പ്രതിയായ മണിച്ചന്‍ 22 വര്‍ഷമായി ജയിലിലായിരുന്നു. നേരത്തേ ശിക്ഷാ ഇളവ് നല്‍കുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ മുപ്പത് ലക്ഷത്തി നാല്‍പ്പത്തയ്യായിരം രൂപ കെട്ടിവയ്ക്കാത്തതിനാല്‍ ജയിലില്‍ നിന്നിറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മണിച്ചന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ പിഴത്തുക സുപ്രീം കോടതി ഒഴിവാക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചന്‍ ജയില്‍ മോചിതനാകുന്നത്. 2000 ഒക്ടോബര്‍ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. . മണിക്കൂറുകള്‍ക്കുള്ളില്‍ 31 പേര്‍ മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദമായി കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം മാറി. കേസില്‍ മണിച്ചന്‍ ഉള്‍പ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലന്‍സ് കോടതി വെറുതെ വിട്ടു.
അതേസമയം കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതിയായി സെന്‍ട്രല്‍ ജയിലിലായിരുന്ന മണിച്ചനെ നല്ലനടപ്പിനെ തുടര്‍ന്നാണ് തുറന്ന ജയിലിലേക്കു മാറ്റിയത്. നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിലെ കൃഷിയുടെ മേല്‍നോട്ടം മണിച്ചനായിരുന്നു വഹിച്ചിരുന്നത് . ശിക്ഷയില്‍ ഇളവ് ലഭിച്ചെങ്കിലും പിഴത്തുക കെട്ടാന്‍ കഴിയാത്തെ തിനെ തുടര്‍ന്ന് മണിച്ചന്റെ ജയില്‍ മോചനം നീണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് മണിച്ചന്റെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷ റദ്ദാക്കിച്ചത്.