ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ക്ഷേത്ര നടയില്‍ ബൈക്കുമായെത്തി യുവാവിന്‍റെ പരാക്രമം. അമിത വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെ എത്തുകയായിരുന്നു. കണ്ടാണശേരി ആളൂര്‍ പാറമ്പുള്ളി വീട്ടില്‍ സുബ്രഹ്‌മണ്യന്‍ മകന്‍ പ്രണവ് (31) ആണ് ബൈക്കുമായി അഭ്യാസം കാണിച്ചത്. ഇയാളെ പോലീസ് പിടികൂടി. ബൈക്കും കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച രാത്രി അത്താഴ പൂജയ്ക്ക് ശേഷമായിരുന്നു സംഭവം. കിഴക്കേ നടയില്‍ നിന്ന് അമിത വേഗത്തില്‍ എത്തിയ ബൈക്ക് ദീപ സ്തംഭം വരെയെത്തുകയായിരുന്നു. ബാരിക്കേഡ് കണ്ടതോടെ തെക്കേ നടപ്പന്തലിലേക്ക് തിരിഞ്ഞു. തുടര്‍ന്ന് കൂവളത്തിന് സമീപത്തു കൂടെ പടിഞ്ഞാറെ നടയിലെത്തി. പടിഞ്ഞാറേ നടപ്പന്തലിലൂടെ ബൈക്കുമായി പാഞ്ഞെങ്കിലും പന്തലിന്‍റെ പടിഞ്ഞാറേ അറ്റത്തുള്ള ബാരിക്കേഡ് കാരണം പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ഓടിയെത്തിയ ക്ഷേത്രം സുരക്ഷാ ജീവനക്കാരും പോലീസും ഇയാളെ പിടികൂടി. ഇതിനിടെ ആളുകള്‍ ചിതറിയോടുന്നുണ്ടായിരുന്നു. പിടിയിലായ യുവാവിന്‍റെ മെഡിക്കല്‍ പരിശോധന നടത്തി. എല്ലാ ഗേറ്റിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടും ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നത് എങ്ങനെയെന്ന് അന്വേഷിച്ചുവരികയാണ്.