Local

തൃശൂരിൽ കൃഷിക്കുള്ള പട്ടയത്തിന്റെ മറവിൽ വൻ മരംകൊള്ള

Published

on

കൃഷിക്കുള്ള പട്ടയത്തിന്റെ മറവിൽ തൃശൂരിൽ വീണ്ടും വൻ മരംകൊള്ള. വയനാട് മുട്ടിൽ മരം മുറിക്ക് പിന്നാലെ പരിശോധന നടത്തിയപ്പോൾ വലിയ കൊള്ള കണ്ടെത്തിയ മച്ചാട് ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് വീണ്ടും വൻ മരം കൊള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്നത്. മരംകൊള്ളയിൽ കുറ്റവാളികളെ സംരക്ഷിച്ച അന്വേഷണ റിപ്പോർട്ടിനെ എതിർത്ത വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറെ ഭീഷണിപ്പെടുത്തുകയും സസ്പെൻഡ് ചെയ്തും മേലുദ്യോഗസ്ഥർ പ്രതികാരവും നടത്തി. എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പങ്ങാരപ്പിള്ളി വില്ലേജിലെ വനമേഖലയോട് ചേർന്ന പാന്റേഷൻ പട്ടയഭൂമിയിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന മരങ്ങൾ കടത്തിയത്.

ആറേക്കറോളമുള്ള പട്ടയഭൂമിയിൽ റബർ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് വൻ മരങ്ങൾ മുറിച്ചുകടത്തിയത്. വനംവകുപ്പിന്റെ അനുമതിയോടെ മാത്രം മുറിക്കേണ്ട തേക്കും വീട്ടിയും ഇരുളും അടക്കം വൻ തോതിൽ മുറിച്ചു കടത്തി. വേരുകളടക്കം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പിഴുതെടുത്ത നിലയിലാണ്. 1967ലെ കേരള വനനിയമം സെക്ഷൻ 82 പ്രകാരം കൃഷിക്കായി പതിച്ചു നൽകുന്ന ഭൂമിയിലെ മരങ്ങൾ സർക്കാരിന്റേതാണ്. റവന്യൂ പട്ടയ ഭൂമിയിലെയും മിച്ചഭൂമിയിലെയും അനധികൃത മരംമുറി കുറ്റകരമാണെന്നിരിക്കെയാണ് ഒരു അനുമതിയുമില്ലാതെ വനമേഖലയിലെ കൃഷിക്കായി അനുവദിച്ച പട്ടയ ഭൂമിയിൽ നിന്ന് വൻ തോതിൽ മരങ്ങൾ മുറിച്ചു കടത്തിയത്. മാസങ്ങളായി മരങ്ങൾ കടത്തുന്നത് തുടർന്നിട്ടും കണ്ണടച്ചിരുന്ന ഉദ്യോഗസ്ഥർ പരിസ്ഥിതി സ്നേഹികൾ വിവരം നൽകിയപ്പോഴാണ് ഇടപെട്ടത്. പരാതിയിൽ അന്വേഷണം നടത്തി മഹസർ റിപ്പോർട്ടിൽ കുറ്റക്കാരെ സംരക്ഷിച്ച് നൽകിയതിൽ വിയോജിപ്പ് അറിയിച്ച ബീറ്റ് ഓഫീസർമാരായ ഷഹ്‌ന റഹ്മാൻ, എം.കെ. പ്രദീപ് എന്നിവർക്ക് നേരെയാണ് ഭീഷണിയുണ്ടായത്.
ഇതോടെ മറ്റു ചിലരുടെ ഒപ്പ് രേഖപ്പെടുത്തിയാണ് മഹസർ ത യാറാക്കിയത്. ഭീഷണിക്കാര്യം അറിയിച്ച് വനം മേധാവിക്ക് പരാതി നൽകിയിട്ടും അന്വേഷണം ഉണ്ടായില്ല. പകരം മേലുദ്യോഗസ്ഥരോട് ധിക്കാരപരമായി പെരുമാറിയെന്ന കുറ്റം ചുമത്തി ഷഹ്‌നയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വേരോടെ കട പുഴക്കിയതും മുറിച്ചതുമായ തടികളെ പറ്റി കാര്യമായി പരാമർശിക്കാതെ ഇരുൾ കരിമരുത് മരങ്ങൾ മാത്രമാണ് മുറിച്ചിട്ടുള്ളതെന്ന് നിസാരവൽക്കരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിനോടാണ് ഷഹ്‌നയും പ്രദീപും വിയോജിച്ചത്.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version