മില്‍മ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടന്‍ കുറയ്ക്കില്ലെന്ന് ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗണ്‍സിലില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായാല്‍ വില കുറയ്ക്കുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു. അഞ്ച് ശതമാനം ജിഎസ്ടി നിലവില്‍ വന്ന സാഹചര്യത്തിലാണ് മില്‍മ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചത്. മില്‍മ തൈരിന് മൂന്ന് രൂപ മുതല്‍ അഞ്ച് രൂപവരെയാണ് കൂടിയത്. കൊഴുപ്പ് കുറഞ്ഞ് സ്കിംഡ് മില്‍ക്ക് തൈരിനും, ഡബിള്‍ ടോണ്‍ഡ് തൈരിനും മൂന്ന് രൂപ കൂടി. ടോണ്‍ഡ് തൈരിന് അഞ്ച് രൂപയാണ് കൂടിയത്. ലസ്സിയുടെ വില 20 തന്നെയായി തുടരുന്നു. പക്ഷേ അളവ് 200 മില്ലി ലിറ്ററില്‍ നിന്നും 180 ആയി കുറഞ്ഞിട്ടുണ്ട്. സംഭാരത്തിന്‍റെ വില വര്‍ധിപ്പിച്ചിട്ടില്ല. ഭക്ഷ്യോത്പന്നങ്ങളുടെ പാക്കറ്റ് പൊട്ടിച്ച് ചില്ലറയായി വിറ്റാല്‍ അഞ്ച് ശതമാനം ജിഎസ്ടി ബാധകമാകില്ലെന്ന കേന്ദ്രത്തിന്‍റെ വിശദീകരണം ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജിഎസ്ടി പരിഷ്കാരത്തില്‍ അടിമുടി ആശയക്കുഴപ്പം ഉയര്‍ന്നതോടെയാണ്, പാക്ക് ചെയ്ത് ലേബലോടെ വില്‍ക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് മാത്രമാണ് അഞ്ച് ശതമാനം ജിഎസ്ടി എന്ന കേന്ദ്രത്തിന്‍റെ വിശദീകരണം വന്നത്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് മാത്രം നികുതി എന്ന സമ്പ്രദായമാണ് ഒഴിവാക്കിയത്. ജിഎസ്ടി കൗണ്‍സിലില്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായാണ് നികുതി പരിഷ്കരണം എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു.