തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഡിസംബറിനു ശേഷം മൃഗങ്ങളെ മാറ്റാന്‍ കഴിയുമെന്ന് മന്ത്രി കെ.രാജന്‍. പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി.പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെ മൂന്നാംഘട്ട നിര്‍മാണം ഉടന്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ വിവിധയിനം പക്ഷികളെ മാറ്റിപാര്‍പ്പിക്കും. രണ്ടാംഘട്ടം ഏറെക്കുറെ പൂര്‍ത്തിയായതോടെ പതിനഞ്ചു കൂടുകള്‍ സജ്ജമായി. മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ പാര്‍പ്പിടങ്ങളാണ് പുത്തൂരില്‍ ഒരുക്കുന്നത്. 363 ഏക്കര്‍ വിസ്തൃതിയില്‍ വിശമാലമായി ഒരുങ്ങുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ദക്ഷിണേന്ത്യയിലെതന്നെ വലിയ പാര്‍ക്കാണ്. അടുത്ത വര്‍ഷം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു.നിര്‍മാണ പുരോഗതി വിലയിരുത്താന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പഞ്ചായത്ത് ജനപ്രതിനിധികളും മന്ത്രിയ്ക്കൊപ്പം പുത്തൂരില്‍ എത്തിയിരുന്നു. കേന്ദ്ര പൊതുമരാമത്തു വകുപ്പിനെയാണ് നിര്‍മാണ ചുമതല ഏല്‍പിച്ചത്. അഞ്ഞൂറിലേറെ തൊഴിലാളികളെ നിയോഗിച്ച് പണി വേഗം തീര്‍ക്കാനാണ് ശ്രമം. തൃശൂരിന്റെ വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്.