ഭര്‍ത്താവിൻ്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യയെ (27) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. താന്‍ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയുമ്ബോള്‍ വിദ്യയുടെ കണ്ണ് നിറയുകയായിരുന്നു. മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടുമെന്ന് പറഞ്ഞ് വിദ്യയെ മന്ത്രി ആശ്വസിപ്പിക്കുകയായിരുന്നു. ചികിത്സ പൂര്‍ണമായും സൗജന്യമായാണ് ലഭ്യമാക്കുന്നത്. ഐസിയുവിലുള്ള ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. ഇടതുകൈപ്പത്തി പൂര്‍ണമായി അറ്റ് തൂങ്ങിയ നിലയിലായിരുന്നു. വലത് കൈയ്ക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിന് പൊട്ടലുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളജില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. രോഗിയെ കൊണ്ടുവന്ന് അര മണിക്കൂറിനകം ശസ്ത്രക്രിയ നടത്താനായി. രാത്രി 12 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ 8 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. വിദ്യയുടെ പൊതു ആരോഗ്യസ്ഥിതി പുരോഗമിച്ച് വരുന്നു. കൈയ്ക്ക് സ്പര്‍ശന ശേഷിയും കൈ അനക്കുന്നുമുണ്ട്. ഇത് പോസിറ്റീവ് സൂചനകളാണ്. വീഡിയോ കോള്‍ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. 48 മണികൂര്‍ കൂടി നിരീക്ഷണം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.