ചുഴലിക്കാറ്റ് നാശം വിതച്ച ദുരിതത്തിൽ മലയോര മേഖലയിലേയ്ക്ക് ആശ്വാസ വാക്കുകളുമായി റവന്യൂ മന്ത്രി കെ രാജന്റെ അപ്രതീക്ഷിത സന്ദർശനം. ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച നടത്തറ, പാണഞ്ചേരി, പുത്തൂർ പ്രദേശങ്ങളിലാണ് സഹായം ഉറപ്പാക്കാനായി മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരുടെ സംഘം സ്ഥലം സന്ദർശിച്ചത്. നടത്തറ ഗ്രാമപഞ്ചായത്തിലെ ചേരുംകുഴിയിൽ മേൽക്കൂര തകർന്ന സജിയുടെ വീടാണ് മന്ത്രി ആദ്യം സന്ദർശിച്ചത്. പുതിയ വീട് പണിത് മൂന്ന് മാസത്തിന് ശേഷമാണ് സജിക്ക് ഈ ദുരിതമുണ്ടായത്. സജിയുടെ വിഷമം ചോദിച്ചറിഞ്ഞ മന്ത്രി നഷ്ടപരിഹാരം എത്രയും പെട്ടെന്ന് അനുവദിക്കുമെന്നും ഉറപ്പ് നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ താമര വെള്ളച്ചാൽ വാർഡിൽ കുന്നത്തങ്ങാടിയിൽ മിന്റുവിന് ചുഴലിക്കാറ്റിൽ നഷ്ടമായത് സ്വന്തം വീട് തന്നെയാണ്. മിന്റുവിന് പുതിയ വീട് വയ്ക്കുന്നതിന് വേണ്ടിയുള്ള നഷ്ട പരിഹാരം കാലതാമസം കൂടാതെ അനുവദിക്കാൻ അടിയന്തര നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പാണഞ്ചേരി, നടത്തറ, പുത്തൂർ പ്രദേശങ്ങളിൽ മിന്നൽ ചുഴലിക്കാറ്റ് നാശം വിതച്ച വീടുകളും കൃഷിയിടങ്ങളും മന്ത്രി സന്ദർശിച്ചു. പ്രദേശവാസികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ നേരിൽ കേട്ട മന്ത്രി ആവശ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്.