53 ദിവസം പോലീസുകാരെയും വീട്ടുകാരെയും മുള്‍മുനയില്‍ നിറുത്തിയ നവനീത കൃഷ്ണന്റെ (17) തിരോധാനത്തില്‍ വഴിത്തിരിവ്. തൃശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വ്വകലാശാല ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കാണാതായ നവനീതകൃഷ്ണനെ 54-ാമത്തെ ദിനം ചെന്നൈയില്‍ നിന്നും കണ്ടെത്തി. മാസങ്ങള്‍ നീണ്ട ആശങ്കയ്ക്കും അഭ്യൂഹങ്ങള്‍ക്കുമാണ് ഇതോടെ തിരശ്ശീല വീണത്. ആഗസ്ത് 20ന് കാലത്തു മുതലാണ് നവനീത കൃഷ്ണനെ കാണാതായത്. ബുധനാഴ്ച കാലത്ത് 11ന് ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ച് നവനീതിനെ പട്ടാള ഉദ്യോഗസ്ഥനായ സോമ സിംഗ് കണ്ടെത്തുകയായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോള്‍, കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം ഏറെ നിര്‍ബന്ധിച്ച് നാട്ടിലുള്ള അമ്മയ്ക്ക് ഫോണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് സ്വന്തം ഫോണ്‍ നല്‍കുകയുമായിരുന്നു. നവനീത് കൃഷ്ണനെ അടുത്തുള്ള ലോക്കല്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞയുടനെ വീട്ടുകാര്‍ ചെന്നൈയിലേക്ക് തിരിച്ചു. പൂച്ചട്ടിയിലെ സ്വകാര്യസ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നവനീത കൃഷ്ണന്‍. ക്വാര്‍ട്ടേഴ്‌സില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. 3 ജോടി വസ്ത്രങ്ങളും കുറച്ചു രൂപയും സിം ഇല്ലാത്ത ഫോണും എടുത്ത് വീട്ടില്‍ നിന്നും സൈക്കിളില്‍ ഇറങ്ങിത്തിരിച്ചതാണ്. അമ്മ കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാരിയാണ്. അച്ഛന്‍ പാലക്കാട്ടെ സ്‌കൂളില്‍ പ്രധാനാധ്യാപകനും. കാണാതായ അന്നുമുതല്‍ കേരള പോലീസും സര്‍വ്വകലാശാല ജീവനക്കാരും ബന്ധുക്കളും കുട്ടിയെ കണ്ടെത്തുന്നതിന് അക്ഷീണം പ്രയത്നിച്ചിരുന്നു. ഇത്രയും ദിവസത്തെ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും ചോദിക്കുകയില്ലെന്നും മടങ്ങിവരണമെന്നും മാതാപിതാക്കള്‍ മാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നു. മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണത്തിന്റെ ഭാഗമായി തൃശൂര്‍ സിറ്റി പോലീസിന്റെ വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ കുട്ടിയുടെ ചിത്രവും വാര്‍ത്തയും മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിനകത്തും, ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ലക്ഷക്കണക്കിനുപേര്‍ ഈ ചിത്രവും വാര്‍ത്തയും ഷെയര്‍ ചെയ്യുകയുമുണ്ടായി. മണ്ണുത്തി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.