കൊടുങ്ങല്ലൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച, പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു.
ലോകമലേശ്വരം സ്വദേശി ചെട്ടിയാട്ടിൽ സംഗീതിൻ്റെ ഉടമസ്ഥതയിൽ ശൃംഗപുരം ലക്ഷ്മി സിനിമാസിന് സമീപം പ്രവർത്തിക്കുന്ന
പെൻ്റ മൊബൈൽസിലാണ് കവർച്ച നടന്നത്. ഇന്ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
സ്ഥാപനത്തിൻ്റെ ഗ്ലാസ് ഡോറിലെയും, ഷട്ടറിലെയും താഴുകൾ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തു കയറിയത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈൽ ഫോണുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക്കും കവർന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ പോലീസ് അന്വേഷണമാരംഭിച്ചു.