മലപ്പുറം മണിചെയിൻ മോഡലിൽ തമിഴ്നാട്ടിലും ബംഗാളിലും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് കോടികൾ തട്ടിയ സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ. തൃശ്ശൂർ തൃക്കൂർ തലോർ സ്വദേശി ഊട്ടോളി ബാബു (50) എന്ന മീശ ബാബുവാണ് കൊണ്ടോട്ടി പോലീസിന്‍റെ പിടിയിലായത്. തൃശ്ശൂരിലെ ഒളിത്താവളത്തിൽ മറ്റൊരു പേരിൽ കമ്പനി നിർമ്മിച്ച് പണം തട്ടാൻ ഉള്ള പദ്ധതി ആസൂത്രണം ചെയ്യവെയാണ് പ്രത്യേക അന്വേഷണ സംഘം ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. ജൂൺ 13 ന് കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. 2020 ഒക്ടോബർ 15 നാണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് തുടങ്ങുന്നത്. മൾട്ടി ലവൽ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് ഇവർ വേഗം കൂട്ടി.കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവുമാരെ വൻ സാലറികളിൽ നിയമിച്ചു. 11,250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് 6 മാസം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ 10 തവണകളായി 2,70, 000 രൂപ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടാതെ ആർപി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റഫറൽ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിൽ എത്തും 100 പേരെ ചേർത്താൽ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വൻ സാലറിയും. കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണത് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ 35000 ഓളം പേരാണ്.